ഇന്ന് ഇതിനെക്കുറിച്ച് പറയുന്നത് അനൗചിത്യമാകുമെന്ന് കരുതുന്നില്ല. കാരണം, ഉചിതമായ സമയത്ത് സംഭവിക്കാനിരിക്കുന്നതിൻ്റെ ഔചിത്യത്തെ മാനിക്കുന്നു എന്നതുതന്നെ.
കാര്യത്തിലേക്കു കടക്കാം.
"മരണമെത്തുന്ന നേരത്തുനീയെൻ്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ... "
റഫീക് അഹമ്മദിൻ്റെ വരികളാണ്.
അരികിലുണ്ടായിരുന്നെങ്കിലെന്ന് നാം ആഗ്രഹിക്കുന്ന പലരും ആ നേരമല്ല, ഒരുനേരവും നമുക്കൊപ്പമുണ്ടായിരുന്നിട്ടില്ല. അതുകൊണ്ട് അതിനു ശേഷമുള്ള, അതിനേക്കാൾ ഗൗരവമുള്ള ചില കാര്യങ്ങളാണിവിടെ പരാമർശിക്കുന്നത്.
എങ്ങനെയാണത് സംഭവിക്കുകയെന്ന് നമുക്ക് യാതൊരു ധാരണയുമില്ല. പതിവുപോലൊരു ഗുഡ്നൈറ്റ് സന്ദേശമയച്ചിട്ടാണവൻ ഉറങ്ങാൻ കിടന്നതെന്ന് ചിലർ പറയും. ചിലർക്ക് ഞാൻ വഴക്കിട്ട് ഉറങ്ങാൻ പോയ ഒരാളായിരിക്കും.
വേറേ ചിലർക്കാവട്ടെ ഉറങ്ങുന്നതിനു മുമ്പ് ഞാൻ പതിവിലധികം സന്തോഷവാനായിരുന്നു. ഇനിയും ചിലർക്ക് എനിക്കെന്തോ വിഷമമുള്ളതായി തോന്നിയിട്ടുണ്ടാവും. ഇതിലൊന്നും പെടാത്ത കുറച്ചുപേർക്ക് ഞാൻ എന്തെങ്കിലുമൊന്ന് അയച്ചിട്ട് നാളുകളായിട്ടുണ്ടാവും.
അങ്ങനെയല്ലെങ്കിൽ ഒരു യാത്രയ്ക്കിടയിലായിരിക്കും. അതല്ലെങ്കിൽ ജോലിക്കിടെയാവും. ചിലപ്പോൾ എന്തെങ്കിലും കാരണത്താൽ ആശുപത്രിയിലോ വീട്ടിലോ ചികിത്സയിലായിരിക്കുമ്പോഴാവും. അപ്രതീക്ഷിതമായി
ഹൃദയത്തിൻ്റെ പ്രവർത്തനം നിലച്ചതുകൊണ്ടുമാവാം. ഇവയൊന്നുമല്ലാതെ യൗവ്വനത്തിൻ്റെ അവസാനത്തിലോ വാർദ്ധക്യത്തിൻ്റെ ആരംഭത്തിലോ ആകാം. അകാരണമായി ആത്മഹത്യ ചെയ്തതാണെങ്കിലോ.
ഇങ്ങനെയെന്തെങ്കിലും സംഭവിച്ചതിനു ശേഷമുള്ളതാണ് പ്രധാനം. അതിനുവേണ്ടി മാത്രമാണിതെല്ലാം. ജനനമെന്ന മൂന്നക്ഷരത്തിനും ജീവിതമെന്ന മൂന്നക്ഷരത്തിൻ്റെയും ഒടുവിലുള്ള മരണമെന്ന മൂന്നക്ഷരം മൂന്നുവട്ടം നോക്കിവേണമുറപ്പിക്കാൻ.
കഴിയുന്നിടത്തോളം കുറച്ചാളുകളെ അറിയിച്ചാൽ മതി. സോഷ്യൽമീഡിയയിൽ എന്നോടുള്ള സ്നേഹം സാക്ഷ്യപ്പെടുത്തുന്ന യാതൊന്നും പങ്കുവയ്ക്കരുത്. ഗ്രൂപ്പുകളിൽ എന്നെപ്രതിയുള്ള അമിത സ്നേഹപ്രകടനത്തിൻ്റെ അലകളൊസങ്കടക്കടലിൻ്റെ തിരയിളക്കങ്ങളോ ഉണ്ടാവരുത്.
കാരണം, സാന്ദർഭികമായി ഇക്കാര്യം അറിയുന്നതുവരെ ഞാൻ ജീവിക്കുന്നുണ്ടായിരുന്നുവെന്ന് അവർ വിചാരിച്ചുകൊള്ളട്ടെ.
കുളിപ്പിച്ച് കിടത്തിയശേഷം ഉടുപ്പിക്കാനായി പുതിയ വസ്ത്രങ്ങൾ വാങ്ങരുത്. വീട്ടിലെ അലമാരയിൽ, ഞാൻ ഇട്ടിരുന്ന വെള്ളഷർട്ടും ഉടുത്തിട്ടുള്ള മുണ്ടും ഇരിപ്പുണ്ട്. അത് ധരിപ്പിക്കൂ.
കുളിപ്പിച്ച് മാറ്റിക്കിടത്തിയതിനു ശേഷമെന്നല്ല, ഒരിക്കലും എൻ്റെ തലയ്ക്കൽ മെഴുകുതിരികൾ കത്തിക്കരുത്. മെഴുതിരികൾ കത്തിച്ചു വച്ച് കുഴിമാടം അലങ്കരിക്കരുത്.
അന്തരീക്ഷത്തിലെ താപനില ഉയർത്താനല്ലാതെ മറ്റൊന്നിനും അതുപകരിക്കുന്നില്ല.
പകരം ചന്ദനത്തിരികൾ ആയിക്കോളൂ. നല്ല സുഗന്ധമുള്ള ചന്ദനത്തിരികൾ വാങ്ങണം. ഏറെ സ്നേഹത്തോടെ പറയട്ടെ,
പെട്ടിയിൽ എനിക്ക് ചുറ്റും പൂക്കൾ വിതറരുത്.
എനിക്കുവേണ്ടി വിലകൊടുത്ത് പൂക്കൾ വാങ്ങരുത്.
പൂക്കൾ ചെടിയിൽ നിന്നു തന്നെ ആസ്വദിക്കാനുള്ളതാണ്.
കിരീടത്തിനായി ആദ്യ കുർബാനയ്ക്കു വയ്ക്കുന്നമാതിരി ഒന്ന് വാങ്ങിയാൽ മതി.
എന്നെ ശീതികരിച്ച ചില്ലു പെട്ടിയിൽ കിടത്തരുത്. എനിക്ക് തണുപ്പ് സഹിക്കാൻ പറ്റില്ല.
പന്തലിടാനായി വീട്ടിലെ ചെടികളോ മരങ്ങളോ മുറിക്കരുത്. അത്യാവശ്യമെങ്കിൽ ചെടികൾ മാറ്റി സ്ഥാപിക്കണം. മരങ്ങളുടെ ചില്ലകൾ മുറിക്കാം. അതിനും കഴിയില്ലെങ്കിൽ പന്തൽ മാറ്റി സ്ഥാപിച്ചോളൂ.
എന്നെ തെക്കോട്ടെടുക്കണം. ആറ്റുതീരം വഴിവേണം വിലാപയാത്ര പോകാൻ. വള്ളമോ ബോട്ടോ ഏർപ്പാടാക്കാം. പക്ഷേ, എല്ലാവരുടേയും കയ്യിൽ കത്തിച്ച ചന്ദനത്തിരികൾ ഉണ്ടാവണം.
ആ പഴയ രീതി ഒന്നോർത്തെടുക്കാം. പുതിയ
തലമുറയ്ക്ക് ഒരനുഭവവും ആകട്ടെ.
കിഴക്കോട്ട് നടന്നാൽ ദൂരക്കൂടുതലുണ്ട്. നല്ല വെയിലുമുണ്ടാവും. മഴക്കാലമാണെങ്കിൽ അതും പ്രയാസമാകും. തെക്കോട്ടാണെങ്കിൽ തണലുമുണ്ടാവും പ്രകൃതിയെ ആസ്വദിക്കുകയുമാവാം.
എനിക്കുവേണ്ടി റീത്തോ ബൊക്കെയോ വാങ്ങരുത്. കച്ചയിടുന്നതിന് തടസമില്ല. പക്ഷേ, ഇടണമോ വേണ്ടയോ എന്ന ശങ്കയുണ്ടെങ്കിൽ നിങ്ങൾ ഇടാതിരിക്കുന്നതാണ് എനിക്ക് സന്തോഷം.
എനിക്ക് അന്ത്യചുംബനം തരാൻ എല്ലാവർക്കും അവസരം കൊടുക്കണം. അങ്ങനെയെങ്കിലും അവർ എന്നെയൊന്നു തൊടട്ടെ. ആയകാലത്ത് ചേർത്തു പിടിക്കാൻ കഴിയാത്തവർക്ക് അതൊരാശ്വാസവുമാകും.